ട്വന്റി ട്വന്റി കിഴക്കമ്പലം പോലുള്ള സംഘടനകള്‍ കേരള രാഷ്ട്രീയത്തെ എത്രമാത്രം സ്വാധീനിക്കും?

ട്വന്റി ട്വന്റി കിഴക്കമ്പലം പോലുള്ള സംഘടനകള്‍ കേരള രാഷ്ട്രീയത്തെ എത്രമാത്രം സ്വാധീനിക്കും?

എന്നെ സംബന്ധിച്ചിടത്തോളം, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു കാര്യമാണ് ട്വന്റി-ട്വന്റിയുടെ പ്രകടനം.

 • ട്വന്റി-ട്വന്റി തങ്ങളുടെ പ്രദേശത്തെ ജനങ്ങൾ അംഗീകരിച്ച ഒരു പാർട്ടി / സംഘടനയാണെന്ന് അടുത്തിടെ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പ് തെളിയിച്ചിട്ടുണ്ട്. ട്വന്റി-ട്വന്റി നടത്തിയ വിവിധ പദ്ധതികളുടെയും, സംരംഭങ്ങളുടെയും വിജയമാണ് ഇതിന് കാരണം.

 • കിഴക്കമ്പലത്തും പരിസര പ്രദേശങ്ങളിലും ഭക്ഷ്യ സുരക്ഷ, ജോലി, വരുമാനം, പാർപ്പിടം, ആരോഗ്യം, റോഡുകൾ, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് ഈ പദ്ധതികളെല്ലാം സഹായിച്ചു.

 • പക്ഷെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലം കേരളത്തിലെ എല്ലാ പ്രധാന രാഷ്ട്രീയ പാർട്ടികളെയും അമ്പരപ്പിച്ചു കളഞ്ഞു. മാത്രമല്ല അടുത്ത കുറച്ച് വർഷത്തേക്ക് കുറച്ച് പ്രാദേശിക രാഷ്ട്രീയക്കാരെ തൊഴിൽരഹിതർ ആക്കുകയും അല്ലെങ്കിൽ അനാവശ്യമുള്ള ആളുകളോ ആക്കി തീർത്തു.നിരവധി വർഷങ്ങളായി തുടർന്നുവന്ന അവരുടെ അഴിമതികൾ , കഴിവുകേടുകൾ എന്നിവ തുറന്നു കാട്ടുന്നതായിരുന്നു ഈ പരാജയം.

 • ഇത് അംഗീകരിച്ചു, തിരുത്തൽ നടപടികൾ ചെയ്യുന്നത്തിനു പകരം , ഈ പാർട്ടികൾ ട്വന്റി-ട്വന്റിയെക്കുറിച്ചും, അവരുടെ നേതൃത്വത്തെക്കുറിച്ചും വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് കാണുവാൻ സാധിച്ചത്.

 • ഈ പാർട്ടികൾ അവരുടെ മാധ്യമ സുഹൃത്തുക്കളെ ഉപയോഗിച്ച് ട്വന്റി-ട്വന്റി വിജയത്തിൻറെ കവറേജ് കുറച്ചു കാണിക്കുന്നതിൽ വിജയിച്ചു എന്നുവേണം കരുതാൻ. ഇത്തരം മാധ്യമങ്ങളും ഓൺലൈൻ ചാനലുകളും വഴി .’അരാഷ്ട്രീയം ‘, ‘ജനാധിപത്യത്തിന് ഭീഷണി’, സ്വേച്ഛാധിപത്യം തുടങ്ങിയ ചില വരട്ടു തത്വവാദങ്ങൾ ഉപയോഗിച്ച് , ജനങ്ങളുടെ ഇടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള ബോധപൂർവമായ ശ്രമങ്ങളാണ് നടത്തിവരുന്നത്.

 • ട്വന്റി-ട്വന്റിയുടെ വിജയവും വളർച്ചയും ഈ പാർട്ടികളെ അസ്വസ്ഥരാക്കുന്നണ്ടെന്നാണ് ഇതു സൂചിപ്പിക്കുന്നത്.

 • എല്ലാവരുടെയും മുഖ്യ പരാതി വ്യക്തി കേന്ദ്രികൃതമായ ഒരു പാർട്ടി, ഏകപക്ഷീയമായ തീരുമാനം എടുക്കുന്നു എന്നുള്ളതാണ്. പക്ഷെ പ്രസക്തമായ കാര്യം ഏകപക്ഷിയമായിട്ടോ,കൂട്ടയിട്ടോ എടുത്ത തീരുമാനങ്ങൾ ജനങ്ങൾക്ക് ഉപകാരപ്പെടുകയും അത് അവർ അംഗീകരിക്കുകയും ചെയ്തോ എന്നുള്ളതാണ്.

 • മാത്രമല്ല ഭാവിയിൽ ഈ പാർട്ടി തെറ്റായ രീതിയിൽ പ്രവർത്തിച്ചാൽ അവരെ തെരഞ്ഞെടുപ്പിൽ പരാജയപെടുത്താൻ ജനങ്ങൾക്ക് എല്ലാ വിധ അവസരവും ഉള്ളതുകൊണ്ട്, അത്തരം കാര്യങ്ങളെ കുറിച്ച് ഇപ്പോൾ വിഷമിക്കേണ്ടതില്ല.

 • മാത്രമല്ല സി‌പി‌എം, ബിജെപി, മുസ്‌ലിം ലീഗ്, കേരള കോൺഗ്രസ് എന്നീ രാഷ്ട്രീയ പാർട്ടികളിലെ ‘വൺ മാൻ ഷോ’ ഈ മാധ്യമ പ്രവർത്തകർ എന്തുകൊണ്ടാണ് സൗകര്യപൂർവ്വം മറക്കുന്നത്?. ഈ പാർട്ടികളെക്കുറിച്ച് ചിന്തിക്കുമ്പോൾ ഒന്നോ രണ്ടോ വ്യക്തികളുടെ ചിത്രം മാത്രമല്ലേ മനസ്സിലേക്ക് വരുന്നത്?മാധ്യമങ്ങളും യൂട്യൂബ് ചാനലുകളും ഈ വ്യക്തികളെ ‘ഓൾ ഇൻ ഓൾ ‘ ആയി തന്നെ പരിഗണിക്കുന്നില്ലേ?

 • സാധാരണ ആളുകൾ ട്വന്റി-ട്വന്റിയെക്കുറിച്ച് ചിന്തിക്കുമ്പോൾ എന്താണ് മനസ്സിലേക്ക് വരുന്നത്? ഭക്ഷ്യ സുരക്ഷാ സൂപ്പർ മാർക്കറ്റാണോ, അതോ നല്ല വീടുകളാണോ അതോ നല്ല നിലവാരമുള്ള റോഡുകളാണോ അതോ അവരുടെ അവരുടെ നേതൃത്വമാണോ? മറ്റ് കക്ഷികളെക്കുറിച്ച് നമ്മൾക്കു അങ്ങനെ ചിന്തിക്കുവാൻ കഴിയുന്നുണ്ടോ? അതോ ലൈംഗിക അപവാദങ്ങളും,അഴിമതിയും, വർഗീയതയുമാണോ ചിന്തിക്കാൻ കഴിയുന്നത്?

 • എറണാകുളം ജില്ലയിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും ട്വന്റി-ട്വന്റി മത്സരിക്കാൻ ഒരുങ്ങുന്നതായി പറയപ്പെടുന്നു. ഇങ്ങനെ ഒരു ജില്ലയിൽ മാത്രമായി, ചെറിയ തോതിൽ തെരഞ്ഞെടുപ്പ് പ്ര ക്രിയയിൽ പങ്കെടുക്കുന്നത് നല്ലൊരു നീക്കമാണെന്നാണ് തോന്നുന്നത്. തിരഞ്ഞെടുപ്പ് ഫലങ്ങളിൽ നിന്ന് ജനങ്ങളുടെ പിന്തുണയും, ഫീഡ്‌ബാക്കും പരിശോധിച്ചതിനു ശേഷം, സംഘടന പ്രവർത്തനങ്ങൾ കൂടുതൽ പ്രദേശങ്ങളിക്ക് പിന്നീട് എളുപ്പത്തിൽ വ്യാപിപ്പിക്കാൻ കഴിയും.

 • ടിവി ക്യാമറകൾക്കുമുന്നിലും, റേഡിയോ, ഫേസ്ബുക്ക് പോസ്റ്റുകൾ വഴിയും ജീവിത നിലവാര വികസനവും ,പുരോഗതിയും വാഗ്ദാനം ചെയ്യുന്ന വിവിധ രാഷ്ട്രീയ പാർട്ടികളിൽ ആളുകൾ ഇതിനകം മടുത്തു കഴിഞ്ഞു. കിഴക്കമ്പലത്തു ട്വന്റി-ട്വന്റി യാഥാർഥ്യമാക്കിയ പദ്ധതികൾ മറ്റു പാർട്ടികളുമായി താരതമ്യം ചെയ്യുന്നത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ശരിയായ തീരുമാനമെടുക്കാൻ അവരെ സഹായിക്കും.

 • കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി അധികാരം തങ്ങളുടെ മാത്രം കുത്തകയാണെന്ന് വിചാരിച്ചു അഴിമതിയും ,സ്വജനപക്ഷപാതവും,വർഗീയതയും, കെടുകാര്യസ്ഥതയും കൈമുതലായിട്ടുള്ള ഈ പാർട്ടികൾ അവരുടെ അസ്തിത്വത്തിനു ഭീഷണിയായ ഒരു ശക്തിക്കെതിരെ ഒരുമിച്ച് പോരാടുക തന്നെ ചെയ്യും. അത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ നമുക്ക് കാണുവാൻ സാധിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്.

 • അത്തരം സാഹചര്യത്തിൽ ട്വന്റി-ട്വന്റിക്ക് ഒരു സീറ്റ് നേടാൻ കഴിഞ്ഞാൽ തന്നെ , അത് ഒരു നല്ല വിജയമായി കണക്കാക്കപ്പെടും. ഒരു സീറ്റിൽ കൂടുതലുള്ള ഏതു വിജയവും അർത്ഥമാക്കുന്നത് കേരള രാഷ്ട്രീയത്തിൽ വരും വർഷങ്ങളിൽ അവർ ഒരു സ്വാധീന ശക്തിയാകാൻ പോകുന്നു എന്നാണ്.പക്ഷെ മറ്റ് പാർട്ടികളിൽ നിന്നുള്ള എതിർപ്പുകളെ നേരിട്ട് കേരളത്തിലുടനീളം തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കുകയെന്നത് അവർക്ക് ഒരു വലിയ ജോലി തന്നെ ആയിരിക്കും.

 • 2026 ആകുമ്പോഴേക്കും ട്വന്റി-ട്വന്റി പോലുള്ള നിരവധി പാർട്ടികൾ കേരളത്തിൽ ഉണ്ടാവുകയും, നമ്മുടെ രാഷ്ട്രീയക്കാരെ തൊഴിൽഇല്ലായ്‌മ എന്താണെന്ന് മനസിലാക്കാനുള്ള അവസരം നൽകുവാൻ സാധിക്കുകയും ചെയ്യട്ടെ എന്ന് പ്രതീക്ഷിച്ചു കൊണ്ട് തല്ക്കാലം നിര്ത്തുന്നു.

 

Leave a Reply