എന്തുകൊണ്ടാണ് സ്വതന്ത്രമായി ചിന്തിക്കാൻ കഴിയുന്ന ആളുകളുടെ എണ്ണം കുറയുന്നത്?

എന്തുകൊണ്ടാണ് സ്വതന്ത്രമായി ചിന്തിക്കാൻ കഴിയുന്ന ആളുകളുടെ എണ്ണം കുറയുന്നത്?

 

വിവിധതരം മാധ്യമങ്ങളുടെ അനിയന്ത്രിതമായ കടന്നു കയറ്റം നമ്മുടെ ചിന്താഗതികളെ വളരെയധികം സ്വാധിനിച്ചുട്ടുണ്ടെന്നുള്ളത് ഒരു വസ്തുതയാണ്.

 • ഇത് മൂലം പലപ്പോഴും ആളുകൾ പല വിഷയങ്ങളിലും അമിതമായി പ്രതികരിക്കുന്നതായി നമുക്ക് കാണാൻ കഴിയും. മിക്കപ്പോഴും ഈ വിഷയങ്ങൾ സമൂഹത്തിന്റെയും , ചിലപ്പോൾ പ്രതികരിക്കുന്നവരുടെ തന്നെയും ജീവിതത്തിൽ കാര്യമായ സ്വാധീനം ചെലുത്തുന്നിവയല്ല. ചില വ്യക്തികളുടെയോ, സ്ഥാപനങ്ങളുടയോ, സ്വാർത്ഥ താല്പര്യങ്ങൾക്കോ, വിവിധ ​​ബിസിനസ്സ് താൽപ്പര്യങ്ങൾക്കോ ​​വേണ്ടി സൃഷ്ടിക്കപ്പെട്ട വിഷയങ്ങളിൽ, അനാവശ്യ പ്രതികരണങ്ങൾ നടത്തി സമൂഹത്തിൽ വിദ്വേഷവും വിഭജനവും ധ്രുവീകരണവും സൃഷ്ടിച്ച ഒരു അവസ്ഥയിൽ നാം എത്തിനില്ക്കുകയാണ്.

 • കൂടാതെ, നമ്മുടെ സമൂഹത്തിലെ ജനസംഖ്യയുടെ വലിയൊരു വിഭാഗം മസ്തിഷ്കപ്രക്ഷാളനത്തിന് ഇരയായി കൊണ്ടിരുക്കുന്നതായും തോന്നുന്നു. അതിനാൽ വിവിധ നിക്ഷിപ്ത താൽപ്പര്യക്കാർ, ഇത്തരം ആളുകളെ ഉപയോഗപ്പെടുത്തി അവരവരുടെ കാര്യങ്ങൾ എളുപ്പത്തിൽ നടത്തി എടുക്കുന്നതായും തോന്നുന്നു.

 • രാഷ്ട്രീയം, മതം, സിനിമ, ബിസിനസുകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇത്തരം പെരുമാറ്റത്തിന്റെ നിരവധി ഉദാഹരണങ്ങൾ നമുക്ക് കാണാൻ കഴിയും.

 • വിദ്യാസമ്പന്നരായ ആളുകൾ, നല്ല പശ്ചാത്തലത്തിൽ നിന്നുമുള്ള ആളുകൾ എന്നിവർ പോലും ഇത്തരം പ്രോപഗണ്ടകളുടെ ഉപകരണങ്ങളായി മാറുന്നത് വളരെ സങ്കടകരമാണ്.

 • വിവിധ തരത്തിലുള്ള മാധ്യമങ്ങൾ ഉപയോഗിച്ചിട്ടുള്ള ഇത്തരത്തിലുള്ള പ്രചാരങ്ങൾമൂലം ആളുകൾക്ക് സ്വതന്ത്രമായി ചിന്തിക്കാനോ തീരുമാനിക്കാനോ പ്രവർത്തിക്കാനോ കഴിയാത്ത അവസ്ഥയിലേക്ക് എത്തുന്നതായും തോന്നുന്നു . മിക്ക ആളുകളും സ്വന്തം ബുദ്ധി ഉപയോഗിക്കുന്നതിനുപകരം, പെട്ടെന്നുള്ള വികാരങ്ങളെ അടിസ്ഥാനമാക്കിയാണ് പ്രതികരിക്കുന്നത് അല്ലെങ്കിൽ പ്രവർത്തിക്കുന്നത്.

 • ഇത്തരം മാധ്യമങ്ങൾ നമ്മുടെ സമൂഹത്തിന് ചില നല്ല കാര്യങ്ങൾ ചെയുന്നുണ്ടന്നത് മറക്കുന്നില്ല. എങ്കിലും സമൂഹത്തിന് മോശമായ അല്ലെങ്കിൽ പ്രയോജനം ഇല്ലാത്ത ചില കാര്യങ്ങളെക്കുറിച്ചു പ്രതിപാദിക്കാൻ ശ്രമിക്കുന്നു.

വ്യാജ വാർത്തകളും അപ്രസക്തമായ വാർത്തകളും

 • അച്ചടി, വിഷ്വൽ, ഓൺലൈൻ ഫോർമാറ്റുകൾ ഉൾപ്പെടുന്ന മാധ്യമങ്ങളുടെ സാന്ദ്രത വളരെ കൂടുതലുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഖേദകരമെന്നു പറയട്ടെ, ഈ മാധ്യമങ്ങളിൽ പലതും രാഷ്ട്രീയ പാർട്ടിയെക്കുറിച്ചോ മതസംഘടനകളെക്കുറിച്ചോ സിനിമാതാരങ്ങളെക്കുറിച്ചോ തികച്ചും പക്ഷപാതപരമായ വാർത്തകൾ / അറിവുകൾ നൽകുന്നു.

 • പല അവസരങ്ങളിലും, വാർത്താ ചാനലുകളിലെ രാത്രികാല ചർച്ചകൾ സമൂഹത്തിൽ വിദ്വേഷമോ സംഘർഷമോ ആശയക്കുഴപ്പമോ പ്രചരിപ്പിക്കുകയല്ലാതെ മറ്റൊന്നും ചെയ്യുന്നതായി തോന്നാറില്ല. ലൈംഗിക അപവാദങ്ങൾ, രാഷ്ട്രീയ ആരോപണങ്ങൾ, മനപൂർവമായ വിവാദ പ്രസ്താവനകൾ എന്നിവയിലാണ് പലപ്പോഴും ഇത്തരം ചർച്ചകൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

 • മാധ്യമങ്ങൾ ഇത്തരം കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തരുതെന്നല്ല പറയുന്നത്, മറിച്ചു വിഷയം ആവശ്യപ്പെടുന്നതിൽ കൂടുതൽ കവറേജ് നൽകുന്നത് സമൂഹത്തിന് എന്തെങ്കിലും പ്രയോജനം നല്കുന്നുണ്ടോയെന്നു നമ്മൾ ചിന്തിക്കണം.

 • എന്നാൽ വിദ്യാഭ്യാസം, ആരോഗ്യം, ജോലി, വെള്ളം, ഭക്ഷണ നിലവാരം, ദാരിദ്ര്യം, പരിസ്ഥിതി മലിനീകരണം തുടങ്ങിയ സാധാരണ ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്യാൻ ഈ മാധ്യമങ്ങൾ വളരെ അപൂർവമായേ താൽപ്പര്യപ്പെടുന്നുള്ളൂ.

 • എയർകണ്ടീഷൻ ചെയ്ത മുറിയിൽ ഇരുന്ന്, മറ്റ് ഉറവിടങ്ങളിൽ നിന്നുള്ള വാർത്തകൾ പകർത്തി അവരുടെ അജണ്ടകളും ഫാന്റസികളും ചേർത്ത് വിവിധ ‘യൂട്യൂബ്’ അധിഷ്ഠിത വാർത്താ ചാനലുകൾ ധാരാളം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നു.

 • എല്ലാ മാധ്യമങ്ങളും അവരുടെ ജനപ്രീതി വർദ്ധിപ്പിക്കുന്നതിനും, അതുവഴി ലാഭം വർദ്ധിപ്പിക്കുന്നതിനും ‘ബ്രേക്കിംഗ് ന്യൂസ്’ നൽകുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

 • പരസ്പരവിരുദ്ധമായ വിവരങ്ങളുമായി ആളുകളെ ആശയക്കുഴപ്പത്തിലാക്കുന്നതല്ലാതെ ഇത്തരത്തിലുള്ള മാധ്യമങ്ങൾ ഏതെങ്കിലും വിധത്തിൽ സമൂഹത്തെ സഹായിക്കുന്നുവെന്ന് കരുതുന്നത് പ്രയാസമാണ്.

അമിതമായ സോഷ്യൽ മീഡിയ ആസക്തി

 • മിക്ക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും, രാഷ്ട്രീയ പാർട്ടികൾ അല്ലെങ്കിൽ മതസ്ഥാപനങ്ങൾ അല്ലെങ്കിൽ ചലച്ചിത്ര അഭിനേതാക്കൾ / ഫാൻ ക്ലബ്ബുകൾ അല്ലെങ്കിൽ ‘സെലിബ്രിറ്റികൾ ആകാൻ ആഗ്രഹിക്കുന്ന ആളുകൾ ‘ ഹൈജാക്ക് ചെയ്തിട്ടുണ്ടെന്ന് വ്യക്തമാണ്.

 • ഈ ആളുകൾക്കെല്ലാം പൊതുവായ ഒരു കാര്യം ഉള്ളത്, മറ്റുള്ളവരുടെ ചെലവിൽ അവരുടെ അജണ്ട പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നുള്ളതാണ് . ചിലർക്ക് അധികാരത്തിൽ താൽപ്പര്യമുണ്ടെങ്കിൽ മറ്റുള്ളവർ സമ്പന്നരാകാൻ താൽപ്പര്യപ്പെടുന്നു.

 • ഉദാഹരണത്തിന്, രാഷ്ട്രീയ പാർട്ടികൾ അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപയോഗിച്ച് വിദ്വേഷവും വ്യാജവാർത്തകളും പ്രചരിപ്പിച്ച് സമൂഹത്തിൽ ധ്രുവീകരണം സൃഷ്ടിക്കുന്നു.അതിലൂടെ അനുകൂലമായ രാഷ്ട്രീയ സാഹചര്യം സൃഷ്ടിച്ചു അധികാരത്തിൽ എത്താൻ ശ്രമിക്കുന്നു. ഭൂരിഭാഗം രാഷ്ട്രീയക്കാർക്കും ജനങ്ങളുടെ ക്ഷേമത്തെക്കുറിച്ച് യാതൊരുവിധ ആശങ്കയുമില്ല., മറിച്ചു അധികാരം നേടി അതിൽ നിന്ന് ഒരു കരിയർ ഉണ്ടാക്കാൻ മാത്രമേ താൽപ്പര്യം കാണിക്കുന്നുള്ളു.

 • പല മതസ്ഥാപനങ്ങളും ഇത്തരം മാധ്യമങ്ങൾ ഉപയോഗിച്ച്, നിത്യജീവനും ജീവിതത്തിൽ യാഥാർത്ഥ്യമല്ലാത്ത മറ്റ് കാര്യങ്ങളും വാഗ്ദാനം ചെയ്ത് അനുയായികളെ കുടക്കീഴിൽ ആക്കാനും പരമാവധി ശ്രമിക്കുന്നു. മിക്ക ആത്മീയ നേതാക്കൾക്കും ആളുകളുടെ യഥാർത്ഥ പ്രശ്ങ്ങളെകുറിച്ചോ, അല്ലെങ്കിൽ ദുരിതങ്ങളെകുറിച്ചോ ഉള്ള ഉത്കണ്ഠ കേവലം പ്രസംഗങ്ങളിൽ മാത്രമാണുള്ളത്. ഇവർ മിക്കപ്പോഴും സാധാരണക്കാരുടെ ബലഹീനത പ്രയോജനപ്പെടുത്തി ആഡംബര ജീവിതം നയിച്ച് മുന്നോട്ടു പോകുന്നു.

 • മറുവശത്ത്, സിനിമാതാരങ്ങളും അവരുടെ അനുഭാവികളും അവരുടെ പുതിയ പ്രോജക്റ്റുകളെക്കുറിച്ചും അവരുടെ സമർപ്പണത്തെക്കുറിച്ചും, കഠിനാധ്വാനത്തെക്കുറിച്ചും അനന്തമായി സംസാരിക്കുന്നു. ഇത്തരം മാധ്യമങ്ങൾ ഉപയോഗിച്ച് , അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് കുറച്ച് കോടികൾ കൂടി ചേർക്കാൻ അവർ തങ്ങളെ സ്വയം വിപണനം അല്ലെങ്കിൽ മാർക്കറ്റ് ചെയ്തു കൊണ്ടിരിക്കുന്നു. ഈ മേഖലയിൽ ഉള്ളവർ സമൂഹത്തിൽ വളരെയധികം സ്വാധീനം ചെലുത്തുന്നുണ്ടെങ്കിലും, സാമൂഹിക പ്രശ്‌നങ്ങളിൽ ഇടപെടുന്നത് മിക്കവാറും കീബോർഡ് ഉപയോഗിച്ചുകൊണ്ട് മാത്രമാണെന്നാണ് പലപ്പോഴും തോന്നിയിട്ടുള്ളത്.

 • അവസാനമായി ആയിരക്കണക്കിന് യൂട്യൂബ് ചാനലുകളും ഫേസ്ബുക്ക് പേജുകളും വഴി ദൈനംദിന അടിസ്ഥാനത്തിൽ ധാരാളം ചപ്പ് ചവറുകൾ നമുക്ക് നല്കുന്നവരയെയും ഇവിടെ ഓർക്കുന്നു. ഇവരിൽ പലരും പ്രശസ്തിയിലേക്കുള്ള ഏണിയിൽ കയറാമെന്ന പ്രതീക്ഷയിൽ, സോഷ്യൽ മീഡിയ ആസക്തി ഉള്ള ആളുകളെ ലക്ഷ്യമിടുന്നു.

 • നമ്മൾ പൊതുവെ നിരീക്ഷിക്കുകയാണെങ്കിൽ, സോഷ്യൽ മീഡിയയിലും മറ്റ് മീഡിയ പ്ലാറ്റ്‌ഫോമുകളിലും മുകളിൽ പറഞ്ഞ വിഷയങ്ങളിൽ, ധാരാളം ആളുകൾ വളരെയധികം സമയവും എനെർജിയും ചെലവഴിക്കുന്നുണ്ടെന്ന് മനസിലാക്കാൻ സാധിക്കും. തങ്ങളെക്കുറിച്ച് പോലും ചിന്തിക്കാൻ സമയമില്ലാതെ, പലരും ഈ വിഷയങ്ങൾക്ക് അടിമകളാണ് എന്ന് തോന്നിപോകുന്നു.

 • മിക്ക ആളുകൾക്കും ഈ പ്ലാറ്റുഫോമുകളിൽ ലഭ്യമായ വാർത്തകൾ/അറിവുകളുടെ കൃത്യത സാധൂകരിക്കാൻ കഴിയുന്നില്ല. മാത്രമല്ല ശരിയായ അറിവുകളെ നുണകളിൽ നിന്നോ വ്യാജ വാർത്തകളിൽ നിന്നോ വേർതിരിക്കാനും സാധിക്കുന്നില്ല എന്നതാണ് ഏറ്റവും അപകടകരമായ കാര്യം .

 • ആളുകൾ കുറച്ച് കാലത്തിനുള്ളിൽത്തന്നെ, അവരുടെ മാനസികാവസ്ഥയെയും ചിന്തയെയും സ്വാധീനിക്കുന്ന വ്യജ വാർത്തകൾ / കഥകൾക്ക് അടിമപ്പെടുന്നു. നിരവധി ആളുകൾ യഥാർത്ഥ ലോക പ്രശ്‌നങ്ങളിൽ നിന്ന് മാറി നിൽക്കുകയൂം വിർച്വൽ ലോകത്തിലുള്ള ഫാന്റസികളിൽ സമയം പാഴാക്കുന്നത് തുടരുകയും ചെയ്യുന്നു.

 • വെർച്വൽ ലോകത്തുള്ള അപ്രധാനമായ വാർത്തകൾ , കഥകൾ എന്നിവ ‘ലൈക്ക്’, ‘കമന്റ്’ ‘ഷെയർ’ ചെയ്ത് സന്തോഷം കണ്ടെത്തുന്നു.

 • 10 വർഷം മുമ്പ്, തികച്ചും തുറന്ന ചിന്താഗതിക്കാരായ പല ആളുകളും, മുകളിൽ പറഞ്ഞ കാര്യങ്ങളാൽ സ്വാധിനക്കപെട്ടു, വ്യക്തി ബന്ധങ്ങൾ ഉപേക്ഷിച്ചു, തീവ്രമായ അസഹിഷ്ണുത ഉള്ളവരായി മാറിയതായി കാണുവാൻ സാധിക്കും.

 • നമ്മൾ രാഷ്ട്രീയത്തിലോ, സിനിമകളിലോ, സോഷ്യൽ മീഡിയയിലോ സമയം ചെലവഴിക്കരുതെന്ന് എന്നല്ല പറയാൻ ശ്രമിക്കുന്നത് . എന്നാൽ നമ്മുടെ ഇത്തരം ശീലങ്ങൾ നമ്മുടെ പെരുമാറ്റത്തെയും,ജീവിതത്തെയും പ്രതികൂലമായി ബാധിക്കുന്നുണ്ടോ എന്ന് ഗൗരവമായി വിലയിരുത്തണം. അങ്ങനെയാണെങ്കിൽ ഇത്തരം മാധ്യമങ്ങളിൽ നിന്ന് ഒരു ഇടവേളയെടുത്തു നമ്മുടെ യഥാർത്ഥ ചിന്തകളും താൽപ്പര്യങ്ങളും പിന്തുടരാൻ സമയം കണ്ടത്തേണ്ടത് അനിവാര്യം ആണ്.

ചുരുക്കത്തിൽ, നമ്മളുടെ ചിന്തകളെ തെറ്റായ രീതിയിൽ സ്വാധീനിക്കുവാനും , മസ്തിഷ്കപ്രക്ഷാളനം നടത്തുവാനും മറ്റുള്ളവരെ അനുവദിച്ചാൽ , മുകളിൽ സൂചിപ്പിച്ച നിക്ഷിപ്ത താൽപ്പര്യങ്ങളെ നമ്മൾ നേരിട്ടോ അല്ലാതെയോ സഹായിച്ചു കൊണ്ടിരിക്കുകയാണ് എന്ന് ഓർക്കുന്നത് നല്ലതായിരിക്കും. മാത്രമല്ല ശരിയായ തീരുമാനങ്ങളും പ്രവർത്തികളും ചെയ്യാനുള്ള നമ്മുടെ കഴിവിനെ ബാധിക്കുന്നു. ഇത്തരം കാര്യങ്ങൾ നമ്മുടെ അഭിവൃദ്ധിയിലേക്കുള്ള വഴി നിശ്ചയമായും തടയുകയും, കൂടുതൽ കാലം ബുദ്ധിമുട്ടിൽ / ദുരിതത്തിൽ തുടരുകയും ചെയ്യുന്നതിന് കാരണം ആകുകയും ചെയ്യും. പകരം അറിവ് നേടിക്കൊണ്ട്, സ്വയം ശാക്തീകരിക്കുകയും, സ്വതന്ത്ര ചിന്തകളും, പ്രവർത്തികളും വഴി അഭിവൃദ്ധിപ്പെടുകയും ചെയ്യുക. അത് തീർച്ചയായും നമ്മുടെ സമൂഹത്തിന്റെ പുരോഗതിക്ക് സഹായകരമാകും എന്ന് കരുതാം.

ഇത് ചില അനുഭവങ്ങളെ അടിസ്ഥാനമാക്കി എഴുതിയതാണ്. നിങ്ങളുടെ അനുഭവം ചിലപ്പോൾ വ്യത്യസ്തമായിരിക്കും.

Leave a Reply