ദൈവം സർവശക്തനും കാരുണ്യവാനും ആണെങ്കിൽ എന്തുകൊണ്ടാണു നമ്മൾക്കു വിഷമങ്ങളും കഷ്ടതകളും ഉണ്ടാകുന്നത്?

ദൈവം സർവശക്തനും കാരുണ്യവാനും ആണെങ്കിൽ എന്തുകൊണ്ടാണു നമ്മൾക്കു വിഷമങ്ങളും കഷ്ടതകളും ഉണ്ടാകുന്നത്?

എൻ്റെ പരിമിതമായ അറിവിൻറെയും നിരീക്ഷണങ്ങളുടെയും അടിസ്ഥാനമാക്കി ഉത്തരം നൽകാൻ ശ്രമിക്കാം.

മാനവിക ചരിത്രത്തെയും പുരോഗതിയെയും കുറിച്ചുള്ള ഒരു ഹ്രസ്വ വിവരണം നടത്തി ഇതിനുള്ള ഉത്തരം നല്കാനാണ് എൻ്റെ ശ്രമം.

 • 7000-10000 വർഷങ്ങൾക്ക് മുമ്പ് കാർഷിക വേല ആരംഭിക്കുന്നതിനു മുൻപുള്ള കാലഘട്ടത്തിൽ മനുഷ്യർ പ്രധാനമായും വേട്ടക്കാരായിരുന്നു. അതിനുശേഷം ഉടലെടുത്ത കാർഷിക വേല മനുഷ്യരാശിയുടെ ചരിത്രത്തിലെ ഒരു പ്രധാന നാഴികക്കല്ലായിരുന്നു. കൃഷിയുടെ ഭാഗമായി മനുഷ്യർ വിവിധ വിളകളും, വളർത്തുമൃഗങ്ങളും, വളർത്താനും പരിപാലിക്കാനും തുടങ്ങി. ഈ പുതിയ തൊഴിൽ തുടങ്ങിയപ്പോൾ അവർക്ക് നിരവധി പ്രശ്നങ്ങളെയും വെല്ലുവിളികളെയും നേരിടേണ്ടി വന്നു. വെള്ളപ്പൊക്കം, വരൾച്ച, കീടങ്ങൾ എന്നിങ്ങനെയുള്ള യാഥാർത്ഥ്യങ്ങളെ മനുഷ്യർക്ക് അഭിമുഖീകരിക്കേണ്ടി വന്നു. അവർ ജീവിച്ചിരുന്ന സങ്കീർണ്ണമായ ലോകത്തെക്കുറിച്ചുള്ള അജ്ഞത കാരണം, ഈ പ്രശ്‌നങ്ങൾക്കൊന്നും പരിഹാരം കണ്ടെത്താൻ കഴിഞ്ഞില്ല.

 • എന്നിരുന്നാലും കാർഷിക അധിഷ്ഠിത പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കൂടുതൽ ആസൂത്രണവും ചിന്തയും ആവശ്യമാണ്. ഇത് നമ്മുടെ പൂർവ്വികരുടെ ബൗദ്ധികമായ കഴിവുകൾ വികസിപ്പിക്കാൻ സഹായകരമായി. അവരുടെ ഭാവനാത്മകമായ ചിന്തകളിലൂടെ, ചില അമാനുഷിക ശക്തികൾ കൃഷിയെയും, വിളവെടുപ്പിനെയും ബാധിക്കുന്ന പല പ്രശ്നങ്ങളെയും നിയന്ത്രിക്കുകയോ സൃഷ്ടിക്കുകയോ ചെയ്യുന്നുവെന്ന് അവർ അനുമാനിച്ചു. ആ ശക്തിയെ നമ്മൾ ഇന്ന് ‘ദൈവം’ എന്ന് വിളിക്കുന്നു.

 • ‘ദൈവത്തെ’ പ്രസാദിപ്പിക്കുന്നത് മുകളിൽ പറഞ്ഞ ചില സാങ്കേതിക പ്രശ്‌നങ്ങൾക്ക് പരിഹാരമാകുമെന്ന് വിശ്വസിച്ച് മൃഗബലിയും, മറ്റു പല ആചാരങ്ങളും ആരംഭിച്ചു.

 • ദൈവവുമായി ആശയവിനിമയം നടത്താനും ആചാരാനുഷ്ഠാനങ്ങൾ ഏകോപിപ്പിക്കാനും സ്പെഷ്യലിസ്റ്റ് ആളുകളുടെ ഒരു പുതിയ സംഘം രൂപീകരിച്ചു. അവർ മറ്റാരുമായിരുന്നില്ല , നമ്മുടെ ഇന്നത്തെ പുരോഹിതരുടെ പുരാതന പതിപ്പ് തന്നെ ആയിരുന്നു.

 • നൂറ്റാണ്ടുകൾ കഴിഞ്ഞപ്പോൾ, ആ കാലഘട്ടത്തിലെ നിരവധി സൃഷ്ടിപരമായ കഴിവുള്ള ആളുകൾ ദൈവത്തെക്കുറിച്ച് ഭാവനാപരമായ കഥകൾ എഴുതിത്തുടങ്ങി. സർവ്വശക്തനെ പ്രീതിപ്പെടുത്താൻ മനുഷ്യർ പാലിക്കേണ്ട വിവിധ നിയമങ്ങളെക്കുറിച്ച് അവർ എഴുതിവച്ചു. വിവിധ വിശുദ്ധ ഗ്രന്ഥങ്ങളുടെ തുടക്കമാണിത്. ലോകത്തെക്കുറിച്ചുള്ള അജ്ഞത കാരണം, പുരോഹിതന്മാർക്ക് മനുഷ്യർ അഭിമുഖീകരിച്ച എല്ലാ ദുരിതങ്ങളും വിശുദ്ധ ഗ്രന്ഥങ്ങളുടെ വരികൾ ഉദ്ധരിച്ചുകൊണ്ട് എളുപ്പത്തിൽ ന്യായീകരിക്കാൻ കഴിഞ്ഞിരുന്നു. അത് തലമുറകളായി ഇന്നും തുടർന്ന് പോകുന്നു. ഇത് അവർ ജീവിച്ചിരുന്ന അന്നത്തെ പുരാതന സമൂഹത്തിൽ തികച്ചും സ്വീകാര്യവും ശരിയുമായിരുന്നു.

 • എന്നിരുന്നാലും ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം, പരിഷ്‌കൃതമല്ലാത്ത, അജ്ഞത നിറഞ്ഞ ഒരു സമൂഹത്തിൽ സാമൂഹിക ക്രമവും, ധാർമികതയും സ്ഥാപിക്കുന്നതിന്, ഈ വിശുദ്ധ ഗ്രന്ഥങ്ങൾ വളരെയധികം സഹായം ചെയ്തിട്ടുണ്ട് എന്നതാണ്. ഇത് അന്നത്തെ മനുഷ്യർക്കിടയിൽ സഹകരണം പ്രാപ്തമാക്കുന്നതിനും കൂടുതൽ പുരോഗതി കൈവരിക്കുന്നതിനും സഹായിച്ചിട്ടുണ്ട്.

 • എന്നാൽ ക്ഷാമം, അസുഖങ്ങൾ എന്നിവയുടെ രൂപത്തിൽ വീണ്ടും മനുഷ്യരാശി കൂടുതൽ വെല്ലുവിളികളെയും, പ്രശ്‌നങ്ങളെയും അഭിമുഖീകരിക്കാൻ തുടങ്ങി. കോപാകുലനായ ദൈവങ്ങളെ ഉപയോഗിച്ച് ഈ പ്രശ്‌നങ്ങളെ ന്യായീകരിക്കാൻ വിശുദ്ധ ഗ്രന്ഥങ്ങൾക്കും, പുരോഹിതർക്കും കഴിഞ്ഞു, പക്ഷേ പരിഹാരങ്ങളൊന്നും നൽകാൻ കഴിഞ്ഞില്ല.

 • ഭാഗ്യവശാൽ യൂറോപ്പിലെ നവോത്ഥാനത്തിന്റെ അവസാന ഘട്ടത്തിൽ , ഇതുവരെ ചർച്ച ചെയ്ത മനുഷ്യൻ്റെ വിവിധ പ്രശ്നങ്ങളും,ദുരിതങ്ങളും പരിഹരിക്കുന്നതിന് ഒരു പുതിയ സാധ്യത ഉയർന്നുവന്നു. അത് ശാസ്ത്രീയ വിപ്ലവത്തിന്റെ രൂപത്തിലായിരുന്നു. അത് മനുഷ്യരാശി കൈവരിച്ച യഥാർത്ഥ പുരോഗതിയുടെ തുടക്കമായിരുന്നു.

 • ജ്യോതിശാസ്ത്രം, മനുഷ്യശരീരം, മരുന്നുകൾ, രസതന്ത്രം, ഭൗതികശാസ്ത്രം എന്നിവയെക്കുറിച്ച് പുതിയ ആശയങ്ങളും ഗവേഷണങ്ങളും ഉയർന്നുവന്നു. പരീക്ഷണങ്ങൾ, തെളിവുകൾ, വസ്തുതകൾ എന്നിവയെ അടിസ്ഥാനമാക്കി തങ്ങൾ വസിക്കുന്ന ലോകത്തിലെ വിവിധ കാര്യങ്ങളെക്കുറിച്ചുള്ള പുതിയ അറിവ് നേടിയെടുത്തു. പുതിയ സിദ്ധാന്തങ്ങൾ / കണ്ടുപിടുത്തങ്ങൾ, തെളിവുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിൽ പഴയവയെ അസാധുവാക്കി / മാറ്റിസ്ഥാപിച്ചു. ശാസ്ത്ര സമൂഹം അത് സ്വീകരിച്ച് മുന്നോട്ട് പോയി. ശാസ്ത്രീയ കണ്ടുപിടുത്തങ്ങൾ കൂടുതൽ മുന്നേറുന്നതിനിടയിൽ, മനുഷ്യർ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ തുടങ്ങി. പുതിയ കാർഷിക രീതികൾ, കീട നിയന്ത്രണം, ക്ഷാമം, വെള്ളപ്പൊക്കം എന്നിവ കൂടുതൽ കാര്യക്ഷമമായി കൈകാര്യം ചെയ്തു.

 • അങ്ങനെ നൂറ്റാണ്ടുകളായി തുടര്ന്നു വന്ന ശാസ്ത്രീയ ഗവേഷണങ്ങളും കണ്ടുപിടുത്തങ്ങളും പലവിധ ഉപകരണങ്ങളും, സാങ്കേതികവിദ്യയും ആസ്വദിക്കാൻ നമ്മളെ പ്രാപ്തരാക്കി. മെഡിക്കൽ സയൻസിലെ പുരോഗതി നമ്മുടെ ആയുസ്സ് വർദ്ധിപ്പിച്ചു. ഈ അടുത്ത കാലത്തെ ഏറ്റവും മാരകമായ മഹാമാരിക്കുള്ള (COVID19) വാക്സിൻ ഒരു വർഷത്തിനുള്ളിൽ കണ്ടുപിടിച്ച ഒരു ലോകത്താണ് നമ്മൾ ജീവിക്കുന്നത്. ഏതാനും പതിറ്റാണ്ടുകൾക്ക് മുമ്പ് ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ ഇങ്ങനെയൊരു കണ്ടുപിടിത്തം സങ്കൽപ്പിക്കാൻ പോലും കഴിയുമായിരുന്നില്ല.

 • ആരെങ്കിലും അംഗീകരിച്ചാലും, ഇല്ലെങ്കിലും COVID19 ഉൾപ്പെടെ മനുഷ്യരാശി അഭിമുഖീകരിക്കുന്ന വിവിധ പ്രശ്‌നങ്ങൾക്ക് ദൈവവത്തിനും,പുരോഹിതന്മാർക്കും, വിശുദ്ധ ഗ്രന്ഥങ്ങൾക്കും ഒരു പരിഹാരങ്ങളും നൽകാൻ കഴിഞ്ഞില്ല എന്നത് നമ്മൾക്ക് നിരവധി തെളിവുകളുടെ അടിസ്ഥാനത്തിൽ അറിയാവുന്ന കാര്യമാണ്. മാത്രമല്ല ഇത്രയും കണ്ടുപിടിത്തങ്ങൾ നടത്തി,പുരോഗതി പ്രാപിച്ച മാനവരാശിക്ക് ദൈവത്തിന്റെ അസ്തിത്വം തെളിയിക്കുന്നതിനുള്ള തെളിവുകളൊന്നും തന്നെ ഇതുവരെ കണ്ടെത്തുവാനും കഴിഞ്ഞിട്ടില്ല . നമ്മുടെ സാമാന്യബുദ്ധി ഉപയോഗിച്ചു ചിന്തിക്കുകയാണെങ്കിൽ ശാസ്ത്ര പുരോഗതി മാത്രമാണ് നമ്മുടെ ദുരിതങ്ങള്ക്ക് പരിഹാരം നൽകിയിട്ടുള്ളതെന്ന് വ്യക്തമാണ്.

 • മറ്റൊരു കാര്യം കൂടി ഇതോടപ്പം പറയാൻ ആഗ്രഹിക്കുന്നു. കേരളത്തിലെ വിദൂര / ഉയർന്ന പ്രദേശങ്ങളിൽ താമസിക്കുന്ന ആദിവാസി സമൂഹങ്ങളെക്കുറിച്ചു ചിന്തിക്കുക. ഈ സമുദായങ്ങൾ നമ്മളിൽ നിന്ന് വ്യത്യസ്തമായ ദൈവത്തെ ആരാധിക്കുകയും വ്യത്യസ്ത തരം ആചാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുന്നു . നമ്മളിൽ പലരും ഈ ആചാരങ്ങളെ യുക്തിരഹിതമെന്ന് പറഞ്ഞു തള്ളിക്കളയുന്നു. അതോടപ്പം വിദ്യാസമ്പന്നരായ നമ്മിൽ പലരും, ഈ സമൂഹങ്ങളെ അജ്ഞരും, പ്രാകൃത ചിന്താഗതിക്കാരുമായി കണക്കാക്കുന്നു.

 • ഇതിലെ വിരോധാഭാസം എന്തെന്നാൽ, ശാസ്ത്രത്തിൽ വിശ്വസിക്കുന്ന ഒരു വ്യക്തിക്ക് കേരളത്തിലെ മുഖ്യധാരാ സമൂഹം നടത്തുന്ന വിവിധ ആചാരങ്ങളെക്കുറിച്ചും സമാനമായ വികാരം / ചിന്ത തന്നെ ഉണ്ടാകുന്നു. യുകെയിൽ താമസിക്കുന്ന ഒരു സുഹൃത്ത് എന്നോട് പറഞ്ഞത് , ഇന്ത്യയിലെ വിവിധ മതപരമായ ആചാരങ്ങൾ കാണുമ്പോൾ , അവര്ക്ക് ഏതാനും നൂറ്റാണ്ടുകൾക്ക് മുമ്പുള്ള അവരുടെ പൂർവ്വികരുടെ ജീവിതം ദൃശ്യവൽക്കരിക്കാൻ സാധിക്കുന്നുണ്ടെന്നാണ് !!!

 • മുകളിൽ പറഞ്ഞ ഈ ഗോത്ര സമൂഹങ്ങൾ മാത്രമാണ് യുക്തിരഹിതമായി പ്രവർത്തിക്കുന്നത് എന്ന് നിങ്ങൾ ഇപ്പോഴും കരുതുന്നുണ്ടോ? അവർ തെറ്റായ ദൈവത്തെ ആരാധിക്കുന്നതാണോ പ്രശ്നം? പകരം അവർ നമ്മുടെ ദൈവത്തെ ആരാധിച്ചാൽ അത് യുക്തിപരമാകുമോ? ദൈവത്തെ ആരാധിക്കുന്നതിലൂടെ നമ്മുടെ ജീവിതനിലവാരം വർദ്ധിക്കുമോ? അതോ നമ്മുടെ ദൈനംദിന ജീവിതത്തിലെ യഥാർത്ഥ പ്രശ്ങ്ങൾക്ക് പരിഹാരം തരാൻ കഴിയുമോ ? എന്തെങ്കിലും രോഗം വരുമ്പോൾ നമ്മൾ ആദ്യം എന്താണ് ചെയുന്നത്‌ ? ആശുപത്രിയിൽ പോകുമോ അല്ലെങ്കിൽ ഗോത്രവർഗക്കാരെപ്പോലെ ദൈവിക ഇടപെടലിനായോ, പുരോഹിത ഇടപെടലിനായോ കാത്തിരിക്കുമോ?

 • ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബയോടെക്നോളജി തുടങ്ങിയവ അതിവേഗം നമ്മുടെ നിത്യ ജീവിതത്തിൽ മാറ്റം വരുത്തികൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. വമ്പൻ സാങ്കേതിക കമ്പനികളായ ഗൂഗിൾ, ഫേസ്ബുക്ക്, ആമസോൺ എന്നിവ സൃഷ്ടിച്ച അൽ‌ഗോരിതങ്ങൾ നമ്മുടെ ദൈനംദിന ജീവിതത്തെ വളരെയധികം സ്വാധീനിക്കുകയും നിയന്ത്രിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.

 • മിക്കവാറും നിങ്ങൾക്ക് നിങ്ങളെ കുറിച്ചുള്ള അറിവിനേക്കാൾ കൂടുതൽ ഈ കമ്പനികൾക്ക് നിങ്ങളെക്കുറിച്ച് അറിയാം. നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ, നിങ്ങൾ ഇഷ്ടപ്പെടുന്ന വിഷയങ്ങൾ, ഏത് വാഹനം ഉപയോഗിക്കുന്നു , നിങ്ങളുടെ പ്രിയപ്പെട്ട ഭക്ഷണം, നിങ്ങളുടെ പ്രിയപ്പെട്ട നടൻ തുടങ്ങിയവ ചില ഉദാഹരണങ്ങൾ ആണ് .

 • ആ അർത്ഥത്തിൽ ഈ കമ്പനികൾ ഈ കാലഘട്ടത്തിലെ ദൈവത്തെപ്പോലെയാണോ? പുരാതന ദൈവങ്ങളേക്കാൾ കൂടുതൽ അറിവും ശക്തിയും പരിഹാരങ്ങളും ഉള്ള യഥാർത്ഥ ദൈവങ്ങളാണോ ജെഫ് ബെസോസും ലാറി പേജും? നിരവധി ആളുകൾ അവരുടെ പ്രാർത്ഥനകളും ആഗ്രഹങ്ങളും (വിദേശത്ത് ജോലി നേടുക / ഐ‌ഇ‌എൽ‌ടി‌എസ് പരീക്ഷ പാസാകുന്നത് പോലുള്ളവ) യൂട്യൂബ് / ഫേസ്ബുക്ക് കമൻറ്സ് വിഭാഗത്തിൽ പതിവായി എഴുതാൻ തുടങ്ങിയിട്ടുണ്ട് . മാർക്ക് സക്കർബർഗിന് അവരുടെ പ്രാർത്ഥനകൾക്ക് പരിഹാരമുണ്ടാക്കാൻ കഴിയുമെന്ന് അവർ വിശ്വസിക്കുന്നുണ്ടോ?

 • പുരാതന ദൈവം നിയന്ത്രിച്ചിരുന്നു എന്ന് കരുതപെട്ടിരുന്ന, വിവിധ പ്രശ്‌നങ്ങൾക്കുള്ള പരിഹാരങ്ങൾ മനുഷ്യർ ഇതിനകം കണ്ടെത്തിയിട്ടുണ്ട്. പാൻഡെമിക് വാക്സിനുകൾ, ജനന നിയന്ത്രണം, സറോഗസി, ക്ലോണിംഗ്, കാലാവസ്ഥ പ്രവചനം, കൃത്രിമ ബീജസങ്കലനം എന്നിവയാണ് മനുഷ്യർ കണ്ടെത്തിയ പരിഹാരങ്ങളുടെ ചില ഉദാഹരണങ്ങൾ. മരണത്തിന്റെ സാങ്കേതിക പ്രശ്‌നം പരിഹരിക്കുന്നതിനായി ഗൂഗിളിന്റെ ലൈഫ് സയൻസ് ഡിവിഷൻ വളരെയധികം പണം മുടക്കി ഗവേഷണം തുടങ്ങി കഴിഞ്ഞു എന്ന് കൂടി പറയാൻ ആഗ്രഹിക്കുന്നു!!!

 • ലോകമെമ്പാടുമുള്ള കോടിക്കണക്കിന് മനുഷ്യരുടെ ദുരിതങ്ങൾ അവസാനിപ്പിക്കാൻ സർവശക്തനും കരുണാമയനുമായ ദൈവം പരിഹാരം കണ്ടെത്തുമെന്ന് നിങ്ങൾ ഇപ്പോഴും വിശ്വസിക്കുന്നുണ്ടോ?

 • അറിവിന്റെയും, വിദ്യാഭ്യാസത്തിന്റെയും, സ്വതന്ത്ര ചിന്തയുടേയും സഹായത്തോടെ സ്വയം ശാക്തീകരിക്കുക എന്നതാണോ മികച്ച ഓപ്ഷൻ? ഇതിൽ വിശുദ്ധഗ്രന്ഥ്ങ്ങളും,ദൈവവും,പുരോഹിതന്മാരും എന്തങ്കിലും ഇടപെടൽ നടത്തുമെന്ന് നിങ്ങൾ ഇപ്പോഴും കരുതുന്നുണ്ടോ? ചരിത്രം പരിശോധിക്കുകയാണെങ്കിൽ, ഇല്ല എന്ന ഉത്തരം ആയിരിക്കും നമുക്ക് ലഭിക്കുന്നത്.

ഇത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ്, ആരുടെയും വിശ്വാസത്തെ വ്രണപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ല.

 

Leave a Reply