മോഹൻലാലോ മമ്മൂട്ടിയോ ഇല്ലാത്ത മലയാളം സിനിമ എങ്ങനെയായിരുന്നിരിക്കും?

മോഹൻലാലോ മമ്മൂട്ടിയോ ഇല്ലാത്ത മലയാളം സിനിമ എങ്ങനെയായിരുന്നിരിക്കും?

നമ്മുടെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ, പല സുഹൃത് വേദികളിൽ ചർച്ച ചെയ്യപ്പെട്ടിരുന്ന ഒരു രസകരമായ സാങ്കൽപ്പിക ചോദ്യമാണിത്. അത്തരം ചർച്ചകളെയും, നിരീക്ഷണങ്ങളെയും അടിസ്ഥാനമാക്കി ഞാൻ ഉത്തരം നൽകാൻ ശ്രമിക്കുന്നു. ഒരു ആധികാരികമായ ഉത്തരമായി ഇതിനെ കാണരുതെന്ന് അഭ്യർത്ഥിക്കുന്നു.

മമ്മൂട്ടിയും മോഹൻലാലും മലയാള ചലച്ചിത്രമേഖലയിലെ ഏറ്റവും പ്രഗത്ഭരായ കലാകാരന്മാരാണ്. കഴിഞ്ഞ 40 വർഷമായി അവർ മലയാളി സമൂഹത്തെ സിനിമകളിലൂടെയും, മറ്റു മാധ്യമങ്ങളിലൂടെയും എന്റെർറ്റൈൻ ചെയ്യുന്നു.

പദ്മരാജൻ, ഹരിഹരൻ, ഭരതൻ, സത്യൻ അന്തികാട്, ശ്രീനിവാസൻ, ഐ വി ശശി തുടങ്ങിയ ചില മുൻനിര എഴുത്തുകാർ / സംവിധായകർ സൃഷ്ടിച്ച ചില ജീവനുള്ള കഥാപാത്രങ്ങൾ അവതരിപ്പിച്ചുകൊണ്ട് അവർ നമ്മുടെ മനസ്സിൽ സ്ഥാനം ഉറപ്പിച്ചു. ചെറുപ്പത്തിൽത്തന്നെ, സിനിമ ലോകത്ത്‌ താരതമ്യേന പുതുമുഖങ്ങളായിരുന്ന കാലഘട്ടത്തിൽ തന്നെ , വൈവിധ്യമാർന്ന കഥാപാത്രങ്ങൾ വളരെ ശക്തമായി അവതരിപ്പിക്കാൻ ഇരുവർക്കും കഴിഞ്ഞു. ഇത് ലോകമെമ്പാടുമുള്ള മലയാളികൾ നന്നായി സ്വീകരിക്കുകയും അംഗീകരിക്കുകയും ചെയ്തു.

ഒരുപക്ഷേ ഈ ചോദ്യത്തിന് ഉത്തരം നൽകുമ്പോൾ ചോദ്യത്തെ രണ്ട് സാഹചര്യങ്ങളായി വിഭജിക്കുന്നതാണ് നല്ലതെന്നു തോന്നുന്നു .

1. 80 കളിൽ മമ്മൂട്ടിയും മോഹൻലാലും മലയാള സിനിമ വ്യവസായത്തിൽ പ്രവേശിച്ചില്ലെങ്കിൽ എന്തു സംഭവിക്കുമായിരുന്നു?

  • ഈ രണ്ട് മികച്ച അഭിനേതാക്കളുടെ പ്രവേശനം കാരണം പ്രേംനസീറിനും സുകുമാരനും താരതമ്യേന ചെറുപ്രായത്തിൽ തന്നെ നായക വേഷങ്ങളിൽ നിന്ന് കഥാപാത്ര വേഷങ്ങളിലേക്ക് പിന്നോട്ട് പോകേണ്ടിവന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു. അല്ലെങ്കിൽ ഒരു പക്ഷെ 5-10 വർഷം കൂടി അവർ കേന്ദ്ര കഥാപാത്രങ്ങളിൽ തുടരുമായിരുന്നു.

  • മുരളി, സുരേഷ് ഗോപി തുടങ്ങിയ അഭിനേതാക്കൾ എൺപതുകളുടെ അവസാനത്തിൽ തന്നെ മുൻ നിര നായക നടൻമാർ ആകുന്നതിനുള്ള സാധ്യത ഉണ്ടായിരുന്നു. ബാലചന്ദ്ര മേനോൻ, ശങ്കർ, രതീഷ് തുടങ്ങിയവർ കൂടുതൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചേനെ. വ്യത്യസ്തങ്ങളായ വേഷങ്ങൾ കൈകാര്യം ചെയ്യുന്നതിലൂടെ സായികുമാർ നായകനാകുമായിരുന്നു. നെടുമുടി വേണു പോലും ഒരു നായക നടനാകുന്ന അവസരം ഉണ്ടാകുമായിരുന്നു..

  • കോമഡി കേന്ദ്രീകൃത വേഷങ്ങൾക്കപ്പുറത്തുള്ള സിനിമകളിൽ അഭിനയിക്കാൻ മുകേഷിനെ നിർബന്ധിതനാക്കുമായിരുന്നു. ബിജു മേനോൻ തൊണ്ണൂറുകളിൽ ഒരു താരമാകുമായിരുന്നു. ഒരു പക്ഷെ ജയറാം കൂടുതൽ മികച്ച നടനാകുകയും, സുരേഷ് ഗോപിക്കൊപ്പം സിനിമ വ്യവസായത്തെ നയിക്കുകയും ചെയ്യുമായിരുന്നു. നമുക്ക് ഇത്തരം നിരവധി കഴിവുള്ള അഭിനേതാക്കൾ ഉണ്ട്. മമ്മൂട്ടിയും മോഹൻലാലും അനശ്വരം ആക്കിയ പല വേഷങ്ങൾ, മുകളിൽ പറഞ്ഞ അഭിനേതാക്കളുടെ വ്യത്യസ്ത ശൈലിയിൽ കാണുവാനും, ആസ്വദിക്കാനുള്ള അവസരം നമുക്ക് ലഭിക്കുമായിരുന്നു.

2. മമ്മൂട്ടിയും മോഹൻലാലും ഇപ്പോൾ അഭിനയം നിർത്തിയാൽ എന്ത് സംഭവിക്കും?

  • 80 കളിലും 90 കളുടെ തുടക്കത്തിലുമാണ് അവർ അവതരിപ്പിച്ച ഏറ്റവും മികച്ച കഥാപാത്രങ്ങൾ നമ്മൾ കണ്ടത് . (ചില മികച്ച സിനിമകൾ അതിനുശേഷം ഉണ്ടിയിട്ടുണ്ടങ്കിലും). ഇത്തരം സിനിമകൾക്കും, കഥാപാത്രങ്ങള്ക്കും പിന്നിൽ നിരവധി പ്രതിഭാധനരായ എഴുത്തുകാരും സംവിധായകരും ഉണ്ടായിരുന്നു എന്ന വസ്തുത നാം മറക്കരുത്. സത്യം പറഞ്ഞാൽ, ഈ വേഷങ്ങൾ തന്നെയാണ് അവരെ മലയാള ചലച്ചിത്രമേഖലയിലെ മുടി ചൂടാ മന്നന്മാരാക്കിയത്.

  • കഴിഞ്ഞ 10, 20 വർഷങ്ങളിൽ മമ്മൂട്ടിയും മോഹൻലാലും പകർന്നാടിയ സിനിമകൾ പരിഗണിച്ചാൽ, അവ ധാരാളം ബോക്സ് ഓഫീസ് ഹിറ്റുകൾ സൃഷ്ടിച്ചിട്ടുണ്ടെന്ന് വ്യക്തമാണ്.പക്ഷെ ഈ പറഞ്ഞ കാലഘട്ടത്തിൽ, സിനിമ വ്യവസായത്തിൽ കാര്യമായ സ്വാധീനം ചെലുത്തിയിട്ടും, അവരുടെ കഴിവുകളോടും, പ്രതിഭയോടും നീതി പുലർത്തിയ ചുരുക്കം ചില സിനിമകളിൽ മാത്രമാണ് അവർ അഭിനയിച്ചതെന്ന് വ്യക്തമാണ്. രജനികാന്ത്, ചിരഞ്ജീവി തുടങ്ങിയവർ അഭിനയിച്ച തമിഴ്, തെലുങ്കു സിനിമകളുടെ മലയാള പതിപ്പാണ് ഇവരുടെ പല സിനിമകളും.

  • മമ്മൂട്ടിയും മോഹൻലാലും മാസ് ബോക്സ് ഓഫീസ് ഹിറ്റുകൾ സൃഷ്ടിക്കാൻ മാത്രമാണ് താല്പര്യം കാണിക്കുന്നുവെന്ന് ആരെങ്കിലും പറഞ്ഞാൽ അവരെ കുറ്റപ്പെടുത്താനാവില്ല. ഇവർ അഭിനയിച്ച പല സിനിമകൾക്കും, കഥകൾക്കും കഥാപാത്രങ്ങൾക്കും കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളുടെ ജീവിത യാഥാർത്ഥ്യങ്ങളുമായി കാര്യമായ ഒരു ബന്ധവും ഇല്ല. ( ചില സിനിമകൾ മറക്കുന്നില്ല ). ഇത്തരത്തിലുള്ള നിരവധി അമാനുഷിക കഥാപാത്ര സിനിമകൾ കാണുവാനുള്ള അവസരങ്ങൾ രജനികാന്തും, വിജയും, പ്രഭാസും അല്ലു അർജുനും, നമുക്ക് തുടർച്ചയായി തരുന്നുണ്ട്. ഈ നടന്മാരെക്കാളും വളരെ അധികം പ്രതിഭ ഉള്ള മമ്മൂട്ടിയും,മോഹൻലാലും ഇത്തരം സിനിമകളിൽ അഭിനയിച്ചു നമ്മളെ എന്റെർറ്റൈൻ ചെയ്യണ്ടതുണ്ടോ? മലയാള ചലച്ചിത്ര വ്യവസായ കൊടുമുടിയുടെ മുകളിൽ ഉള്ള സ്ഥാനം പോകാതെ നോക്കുക എന്ന ഒരേയൊരു ലക്ഷ്യം മാത്രമാണോ അവർക്ക് ഉള്ളതെന്ന് സംശിയ്ക്കേണ്ടിയിരിക്കുന്നു.

  • എന്റെ അഭിപ്രായത്തിൽ, അവർ അവരുടെ പ്രായത്തിനോട് നീതി പുലർത്തുന്ന റോളുകൾ കൂടുതൽ വിവേകത്തോടെ തിരഞ്ഞെടുക്കണം. യുവത്വം ശാശ്വതമല്ലെന്നു മനസിലാക്കി, അമിതാഭ് ബച്ചൻ, റോബർട്ടോ ഡി നീറോ തുടങ്ങിയ അഭിനേതാക്കളെ പകർത്താൻ കുറച്ചെങ്കിലും അവർ ശ്രമിക്കണം. 50, 60, 70 വയസുള്ള ആളുകളെക്കുറിച്ച് പറയാൻ രസകരമായ കഥകളും, വിഷയങ്ങളും ഉണ്ടെന്ന് നമ്മുടെ സമൂഹം നിരീക്ഷിച്ചാൽ വ്യക്തമാണ്. ലോക സിനിമയിൽ അത്തരം സിനിമകൾക്ക് മികച്ച ഉദാഹരണങ്ങളും നമുക്ക് കാണാൻ കഴിയും.

  • ഇന്ന് മലയാള ചലച്ചിത്രമേഖലയിൽ പ്രഗത്ഭരായ അഭിനേതാക്കളുടെ ഒരു വലിയ നിര തന്നെ ഉണ്ട്. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ കഴിവുള്ള പത്തോ അതിലധികമോ അഭിനേതാക്കൾ ഉണ്ട്. യാതൊരു പക്ഷപാതിത്വവുമില്ലാതെ നമ്മൾ നിരീക്ഷിക്കുകയാണെങ്കിൽ, കഴിഞ്ഞ 10 വർഷത്തിനിടയിൽ, ഈ യുവതാരങ്ങളുടെ സിനിമകൾ പലതും സൂപ്പർതാരങ്ങളുടെ സിനിമകളേക്കാൾ മികച്ചതാണ് എന്ന് പറയേണ്ടി വരും. സമീപകാലത്തെ ഫഹദ് ഫാസിൽ, സുരാജ് വെഞ്ഞാറമൂട്, അന്നാ ബെൻ തുടങ്ങിയവരുടെ സിനിമകൾ ഇതിന് ഉദാഹരങ്ങൾ ആണ്. വളർന്നുവരുന്ന അഭിനേതാക്കളായ ഷെയ്ൻ നിഗം, റോഷൻ മാത്യു എന്നിവരും വളരെ നല്ല പ്രതീക്ഷകൾ നമുക്ക് വാഗ്ദാനം ചെയ്യുന്നു. നെറ്റ്ഫ്ലിക്സ് ,ആമസോൺ പ്രൈം തുടങ്ങിയ ഓൺലൈൻ മാധ്യമങ്ങൾ വഴി , ലോക സിനിമ കാണുന്ന, ആസ്വാദന നിലവാരം മാറിയ മലയാളികൾ കാണാൻ ആഗ്രഹിക്കുന്ന നിലവാരമുള്ള സിനിമകൾ സൃഷിടിക്കാൻ കഴിയുന്ന നിരവധി സംവിധായകരും നടീനടന്മാരും, ഇന്ന് നമുക്കുണ്ട്.

  • ചാനലുകൾ, സോഷ്യൽ മീഡിയ, ഫാൻസ് ക്ലബ്ബുകൾ എന്നിവ പോലുള്ള വിവിധ മാർക്കറ്റിംഗ് രീതികൾ ഉപയോഗിച്ച് സൂപ്പർ താരങ്ങൾ വലിയ ബോക്സ് ഓഫീസ് ഹിറ്റുകൾ സൃഷ്ടിക്കുന്നത് കുറച്ചു നാളുകൂടി തുടർന്നേക്കാം. ഒരു പക്ഷെ, തങ്ങളുടെ കഥാപാത്രങ്ങൾ വിവേകപൂർവ്വം തിരഞ്ഞെടുത്തില്ലെങ്കിൽ മമ്മൂട്ടിയും, മോഹൻലാലും വാഗ്ദാനം ചെയ്യുന്ന നിലവാരം കുറഞ്ഞ സിനിമകൾ കാണുന്നത് താമസിയാതെ ആളുകൾ നിർത്തിയേക്കാം.

  • ചുരുക്കത്തിൽ, നല്ല കഴിവുള്ള അഭിനേതാക്കളുടെയും, സംവിധായകരുടയും ഒരു നല്ല നിര നമുക്കുണ്ട്. അവർ നമ്മുടെ മാറുന്ന സമൂഹത്തിന് ആവശ്യമായ സിനിമകൾ സൃഷ്ടിക്കകയാണെങ്കിൽ , ആര് അഭിനയിച്ചാലും, അത് സന്തോഷപൂർവ്വം സ്വീകരിച്ച്, നമ്മുടെ പ്രേക്ഷകർ മുന്നോട്ട് പോവുകയും ചെയ്യുമെന്ന് ഞാൻ കരുതുന്നു.

Leave a Reply